Oru Kuruviyude Dhurantham Malayalam Story By Madhavikutty

ഒരു കുരുവിയുടെ ദുരന്തം

കുറേ വർഷങ്ങൾക്കു മുമ്പ് ഒരു ദിവസം ഉച്ചയ്ക്കുശേഷം എന്റെ മുറിയുടെ കിളിവാതിലിലൂടെ ഒരു കുരുവി ഉള്ളിലേക്കു പറന്നുവന്നു. അതിന്റെ മാർ ചുറ്റിത്തിരിഞ്ഞിരുന്ന പക്കയിൽ ചെന്നടിച്ച് കിളി തെറിച്ചുപോയി. ജാലകത്തിന്റെ സ്ഫടികത്തിൽ തട്ടി, നിമിഷങ്ങളോളം അതിന്മേൽ പറ്റിപ്പിടിച്ചിരുന്നു. കുരുവിയുടെ നെഞ്ചിൽനിന്നു രക്തം വാർന്നു സ്ഫടികത്തിന്മേൽ പടർന്നു. ഇന്ന് എന്റെ രക്തം ഈ കടലാസിലേക്കു വാർന്നു വീഴട്ടെ. ആ രക്തംകൊണ്ടു ഞാൻ എഴുതട്ടെ. ഭാരമില്ലാതെ ഒരാൾക്കു മാത്രം എഴുതാൻ കഴിയുന്ന വിധത്തിൽ ഓരോ വാക്കും ഒന്നു രഞ്ജനമാക്കി ഞാൻ എഴുതട്ടെ. ഞാനിതിനെ കവിത എന്നു വിളിക്കാൻ ഇഷ്ടപ്പെടുന്നു. എന്റെ ഉള്ളിൽ സുന്ദരമായ ഒരു പ്രക്ഷുബ്ധത സൃഷ്ടിച്ചിട്ട്, മുകൾപ്പരപ്പിലേക്കുയർന്നുവന്നു ഗദ്യമെന്ന താരതമ്യേന ദൃഢതരമായ രൂപത്തിൽ ഒതുങ്ങുമ്പോൾ വാക്കുകൾക്ക് അവയുടെ സംഗീതം നഷ്ടപ്പെട്ടുപോകുന്നുവെങ്കിലും ഇതിനെ കവിത എന്നു വിളിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു. ഇതെഴുതാനുള്ള കഴിവുണ്ടാകണമെന്ന് എല്ലാ കാലത്തും ഞാൻ ആഗ്രഹിച്ചുപോന്നു. പക്ഷേ, കവിത നമുക്കുവേണ്ടി പക്വമാവുന്നില്ല. കവിതയ്ക്കു വേണ്ട പക്വത നാം നേടേണ്ടിയിരിക്കുന്നു.

ഗുരുതരമായ അസുഖം ബാധിച്ചു മൂന്നാം പ്രാവശ്യം ആശുപത്രിയിൽ എത്തിയിരിക്കുകയാണ് ഞാൻ. ഇത് 565-ാം നമ്പർ മുറിയാണ്. പോയ തവണ അസുഖമുണ്ടായപ്പോഴും ഞാൻ ഇതേ മുറിയിൽത്തന്നെയായിരുന്നു. അതുകൊണ്ട് ഇതു വീട്ടിലേക്കുള്ള ഒരു തിരിച്ചുവരവാണ്. ഇക്കുറി ഡോക്ടർമാരെന്നോടു കൂടുതൽ ദയവു കാട്ടുന്നു. അവർ എന്റെ കൈ പിടിച്ച് എനിക്കു സമീപം ഇരിക്കുന്നു. അനാഥക്കുട്ടി ഗുഹയിലേക്കു മരിക്കാൻ വേണ്ടി മടങ്ങിവന്നിരിക്കുകയാണ്. വാതിലിന്മേൽ 'സന്ദർശകർക്ക് അനുമതി ഇല്ല' എന്ന ബോർഡ് തൂങ്ങുന്നു. വെള്ളിയാഴ്ച നടക്കേണ്ട അടുത്ത ശസ്ത്രക്രിയയ്ക്ക് എന്നെ ഒരുക്കുകയാണിവിടെ. കഴിഞ്ഞ വെള്ളിയാഴ്ചത്തെ ശസ്ത്രക്രിയ താരതമ്യേന നിസ്സാരമായിരുന്നു. സന്ദർശകർ എന്റെ കിടക്കയ്ക്കടുത്തേക്കു കസേരകൾ വലിച്ചടുപ്പിച്ച് ഇരിക്കുമ്പോൾ അവരുടെ വിയർപ്പിന്റെയും ദുഷിച്ച ഉച്ഛ്വാസവായുവിന്റെയും ഗന്ധങ്ങൾ എന്നിലേക്കു കടന്നുവരുന്നു. ഈ ഗന്ധങ്ങൾ എന്നെ വിഷണ്ണനാക്കുന്നു. ഞാൻ അവരെ നോക്കുമ്പോഴൊക്കെ അവരുടെ അധരങ്ങളിൽ ഉല്ലാസപൂർണ്ണമായ മന്ദഹാസങ്ങൾ വിരിയുന്നു. ഇത്തരം കാഴ്ചകൾ ഒഴിവാക്കാൻ വേണ്ടി ഏതാണ്ടെപ്പോഴും ഞാൻ കണ്ണട മാറ്റി വെച്ചു കിടക്കുകയാണ് പതിവ്. എന്റെ ചെറിയ മകൻ എന്നെ കാണാൻ വരുമ്പോൾ മാത്രമേ ഞാൻ കണ്ണട ധരിക്കാറുള്ളു. അവൻ അടങ്ങിയരിക്കില്ല.

നഴ്‌സിനെ ശല്യപ്പെടുത്തുകയും ബിസ്‌ക്കറ്റുതുണ്ടുകൾ നിലത്തു വിതറുകയും ചെയ്യും. ഞാനെന്തുകൊണ്ട് അവനോടൊപ്പം വീട്ടിലേക്കു ചെല്ലുന്നില്ല എന്നവൻ അന്വേഷിക്കും. എന്റെ ഡോക്ടർ എന്നെ കാണാൻ വരുമ്പോഴും ഞാൻ കണ്ണട ധരിക്കാറുണ്ട്. ഞാൻ അയാളുമായി ആഗാധപ്രേമത്തിലാണ്. അയാൾക്കു മുപ്പത്തഞ്ചു വയസ്സേ പ്രായമുള്ളൂവെങ്കിലും കണ്ടാൽ അതിലധികം തോന്നും. കഷണ്ടിയുണ്ട്. അയാൾ പറഞ്ഞു: 'എന്റെ മുഖം ഭംഗിയില്ലാത്തതാണ്.' ഞാൻ അയാളുടെ മുഖത്തേക്കു നോക്കി. നിഷേധാർത്ഥത്തിൽ തല കുലുക്കി. അത് ഒരു കൊച്ചുകുട്ടിയുടെ മുഖമാണ്. കരയാനുദ്ദേശിക്കുന്ന ഒരു കൊച്ചുപയ്യന്റെ മുഖം. ഞാൻ ആ മുഖത്തേക്കു നോക്കുമ്പോൾ എന്റെ മുലകൾ ചുരത്താനുള്ള തീക്ഷ്ണവാഞ്ഛയാൽ വേദനിക്കുകയും അയാളുടെ അമ്മയാവണമെന്ന് ഞാൻ ആഗ്രഹിക്കുകയും ചെയ്യുന്നു. 'നിന്റെ മുഖം എന്നിൽ ഒരു ബാധയായി നിൽക്കുന്നു' ഞാൻ അയാളോടു പറയുന്നു. അയാൾ കുനിഞ്ഞുനോക്കുന്നു. ബെൻസൻ ആൻഡ് ഹെഡ്‌ജസ് വലിച്ചു ചാരം നിലത്തു വിതറുന്നു. അയാളുടെ നഖം വെട്ടിയതു നേരെ ആയിട്ടില്ല. അയാളുടെ തടിച്ച വിരലുകൾക്കു സിഗരറ്റിന്റെ ഗന്ധം. നീണ്ട നേരം ഞാൻ അയാളുടെ കൈയിലേക്കു മിഴിച്ചു നോക്കവേ അയാൾ തനിക്കൊരു ജവാബ് മുളക്കുന്നതിനാൽ മുഖം തിരിച്ചിരിക്കുന്നു.

ഈ മുറിക്കു പച്ചച്ചായം തേച്ചിരിക്കുകയാണ്. ഇതൊരു ജലഗർഭപേടകം പോലെയാണ്. എയർകണ്ടീഷണർ ഒരു ജലചക്രംപോലെ മുഴങ്ങുന്നു. ചില ദിവസങ്ങളിൽ സുഹൃത്തുക്കൾ എനിക്കു പൂക്കൾ കൊടുത്തയയ്ക്കാറുണ്ട്. എന്റെ നേഴ്‌സ് കുഴലിലിട്ട റോസാപുഷ്പങ്ങൾ കുളിമുറിയിൽ സൂക്ഷിക്കുന്നു. കുഴലിലിട്ട റോസാപുഷ്പങ്ങൾ എനിക്കു ജലദോഷം പിടിപ്പിക്കും. ആരും എനിക്ക്, ഞാൻ വളരെയധികം ഇഷ്ടപ്പെടുന്ന റോസാപുഷ്പങ്ങൾ കൊടുത്തയക്കുന്നില്ല. ഒരു വേള ഇതു റോസ് പൂക്കുന്ന കാലമാവില്ല. എനിക്കു റോസാപുഷ്പങ്ങൾ കിട്ടിയാൽ ഞാൻ എന്റെ തലയണയിൽ റോസാദലങ്ങൾ വിതറും. കഴിഞ്ഞ തവണ കരളും ശ്വാസകോശവുമായിരുന്നു തകരാറിൽ. ഇക്കുറി ഹൃദയവും ഗർഭപാത്രവുമാണ്. എനിക്കു കൂടുതൽ കുട്ടികൾ ഉണ്ടാകേണ്ടതായിരുന്നു. ഞാൻ ഫലഭൂയിഷ്ഠമായ ഭൂമിയായിരുന്നു. എന്റെ ഗർഭപാത്രം തരിശാക്കിയിട്ടതിനാൽ മരുഭൂമികളിൽ കള്ളിച്ചെടികൾ മുളയ്ക്കുന്നതുപോലെ എന്റെ ഗർഭപാത്രത്തിൽ തന്തുക്കളും മാംസപേശികളും കെട്ടിപ്പിണഞ്ഞ പിണ്ഡങ്ങൾ മുളച്ചു. മാംസം കാർന്നു തിന്നുന്ന ചെടികളെപ്പോലുള്ള അവ എന്റെ ചോര കുടിച്ചു തടിച്ചപ്പോൾ എന്റെ തൂക്കം കുറയുകയും ഞാൻ വിളറുകയും ചെയ്തു. കഴിഞ്ഞ മൂന്നു മാസങ്ങളായി എനിക്കു ശ്വാസം കുറവാണ്. പ്രഭാതങ്ങളിൽ ലളിതയോടു പ്രാർത്ഥിക്കുമ്പോൾ ഞാൻ വിയർക്കുകയും കിതയ്ക്കുകയും ചെയ്യാറുണ്ട്.

ഇവിടെ എല്ലാവരും എന്നോടു ദയവു കാട്ടുന്നു. അവർ എനിക്ക് എല്ലാ ദിവസവും ഗ്ലൂക്കോസ് നൽകുന്നു. ലോകത്തിലെ ഏറ്റവും വലിയ

TO Be Countinued